ഇനി യാത്രാ മൊഴി

Tuesday, December 15, 2009

ഒരു കാറ്റിലിളകും നേര്‍ത്ത ചേലാഞ്ചലം,
പോലിവളുടെ വിറയാര്‍ന്ന മാനസം.
വ്യഥിതമേതോ സ്മരണയില്‍ തുടുക്കും
വിരഹിയാമാരുടെയോ കണ്‍തടം പോലൊരു സന്ധ്യ

ഇനിയില്ല ശിശിരമേ, യാത്മാവില്‍
നീ പൊഴിയ്ക്കും മഞ്ഞുമായി കാത്തിരുന്നു
മരിയ്ക്കുവാന്‍ നാളുകള്‍,
തീരുന്നു, വരും പൂക്കാലമെന്നു വെറുതെ
കിനാവ്‌ കാണിച്ച ജീവിത ഋതുക്കള്‍ തന്‍ മായാ നടനം.

വൈകി പോകുവാന്‍, അഴിച്ചു വെയ്ക്കുന്നു ഞാനീ
പൊന്‍ ചിലമ്പിന്റെ പ്രേമ സങ്കീര്‍ത്തനം,
മറ്റേതു വനികയില്‍ നിന്‍ രാഗമുണര്‍ന്നാലും
അറിയും ഞാനതെന്റെ പ്രാണനാദമാകയാല്‍!

കരിയില പോല്‍ പറന്നു തീര്‍ത്ത ദൂരങ്ങളില്‍
പൊഴിഞ്ഞു കിടപ്പൂ, നിനക്കായെരിഞ്ഞു
തീര്‍ന്നോരായിരം രാത്രികള്‍ തന്‍
നിത്യ നൊമ്പര സ്മൃതികള്‍ മാത്രം!

Read more...

ഞാന്‍ രാധ

Monday, December 14, 2009

ഒന്നു നീ നോക്കിയാല്‍
പാടുമെന്‍ ഹൃത്തടം
ഒന്നു നീ പാടിയാല്‍
ആടുമെന്‍ മാനസം
ജീവന്റെ ജീവനേ
നിന്‍ നെറുകയിലെ
പീലിയായ്, നിന്നുടെ
മഞ്ഞച്ച പട്ടായി
ജീവിച്ചു തീരാന്‍
കൊതിക്കുന്നിതെന്‍ മനം

നിന്നെയോര്‍ക്കുമ്പോള്‍
കടമ്പ് പൂക്കുന്നു
യമുനാനദിയിലെ
ഓളങ്ങള്‍ പൂക്കുന്നു
വൃന്ദാവനത്തിലെ
വിരഹവും പൂക്കുന്നു
കാടുകള്‍ പൂക്കുന്നു
മേടുകള്‍ പൂക്കുന്നു
എന്‍ മനം വലിയൊരു
പൂമരമാകുന്നു

Read more...

കൃഷ്ണ പക്ഷം

Saturday, December 12, 2009

കിനാവിലാരോ കുടഞ്ഞെന്നകതാരില്‍
നറും നിലാവിന്റെ നേര്‍ത്തൊരു തുള്ളി!
നിന്‍ തണു വിരല്‍ തൊട്ട പോല്‍
കണ്‍ തുറക്കെ കണ്ടു ഞാന്‍ ശ്യാമ രൂപാ
നിന്നര മണി ചിന്തും കനക കാന്തിയില്‍
പൂത്തു നില്‍ക്കും താരകാ ജാലം!
നിദ്രയിലാരോ ചാര്‍ത്തുന്നു
ചിലമ്പെന്റെ പാദങ്ങളില്‍ രാവു തോറും
നീ വരും സ്വപ്നങ്ങളൊക്കെയും
നൃത്ത വേദിയാകുന്നു കണ്ണാ
ഉണര്‍ന്നാലുമാരു കാണാന്‍ ജീവനില്‍
നീ കെട്ടിയ ചിലമ്പിനാല്‍ ഞാനാടും പദങ്ങള്‍?

നിനവും നിറങ്ങളും നീ തന്നെയാകുന്ന
മോഹ വിഭ്രാന്തിയില്‍,ഓരോ ചലനവും
നിനക്കുള്ള പൂജാനടനമാകുന്നു
നിന്നോടക്കുഴലിന്‍ ദൂര ശ്രുതിയില്‍
ലോകമേ മറന്നു ഞാനുറങ്ങേ
കടമ്പു പോല്‍ പൂത്തു നില്‍ക്കുന്നു രാത്രി.
ഉണര്‍ന്നാലുമീ ഉറങ്ങുന്ന ലോകമെങ്ങനെയറിയാന്‍
പ്രാണനില്‍ നീ തൂകും പ്രണയം വിടര്‍ത്തിയ പുലരികള്‍?

Read more...

നീ മാത്രമാകുന്നു ഞാന്‍

Tuesday, December 8, 2009

വിരഹാര്‍ദ്രമോര്‍മ്മകള്‍ പെയ്തു തോരാതെ
വിതുമ്പി നില്‍ക്കും സാന്ദ്രമേഘമേ,
വിമൂകമാം സ്വപ്നമായി നീ വരും വീഥിയില്‍
വിസ്മയപൂരിതം മഴവില്ലു ഞാന്‍..

ഒന്നു നിന്‍ കണ്‍കളില്‍ തെളിയുവാന്‍
ഒഴുകിയെത്തും മുരളിയിലലിയുവാന്‍
ഒടുവിലെ പാട്ടും ജീവനില്‍ പകര്‍ത്തി
ഓമനേ നിന്‍ പീലിയായി കൊഴിഞ്ഞു ഞാന്‍ പോകാം

ഏതോ വിഭൂതിയായെന്‍ വിരല്‍തുമ്പില്‍
ഏകാന്ത സന്ധ്യതന്‍ മണി വിളക്കായെന്‍ വാതിലില്‍
ഏടലര്‍ താരിന്റെ മുഗ്ദ്ധമാം വിശുദ്ധിയായെന്‍ വാടിയില്‍
ഏറെ തണുത്തൊരു മമ ഹൃത്തിന്‍ ജീവനായി സിരകളില്‍-
നീ തളിര്‍ക്കുന്നുവെങ്കിലുമെരിയുന്നു പ്രാണന്‍

നിന്‍ വിരഹമാം പൊടിക്കാറ്റിലഖിലം നിറയുന്നു,
നിനക്കായി തുടിയ്ക്കുന്നു മരിയ്ക്കുന്ന നേരവും..
നീ മാത്രമായി മാറുന്നു ഞാന്‍..

Read more...