ഇനി യാത്രാ മൊഴി
Tuesday, December 15, 2009
ഒരു കാറ്റിലിളകും നേര്‍ത്ത ചേലാഞ്ചലം,
പോലിവളുടെ വിറയാര്‍ന്ന മാനസം.
വ്യഥിതമേതോ സ്മരണയില്‍ തുടുക്കും
വിരഹിയാമാരുടെയോ കണ്‍തടം പോലൊരു സന്ധ്യ
ഇനിയില്ല ശിശിരമേ, യാത്മാവില്‍
നീ പൊഴിയ്ക്കും മഞ്ഞുമായി കാത്തിരുന്നു
മരിയ്ക്കുവാന്‍ നാളുകള്‍,
തീരുന്നു, വരും പൂക്കാലമെന്നു വെറുതെ
കിനാവ് കാണിച്ച ജീവിത ഋതുക്കള്‍ തന്‍ മായാ നടനം.
വൈകി പോകുവാന്‍, അഴിച്ചു വെയ്ക്കുന്നു ഞാനീ
പൊന്‍ ചിലമ്പിന്റെ പ്രേമ സങ്കീര്‍ത്തനം,
മറ്റേതു വനികയില്‍ നിന്‍ രാഗമുണര്‍ന്നാലും
അറിയും ഞാനതെന്റെ പ്രാണനാദമാകയാല്‍!
കരിയില പോല്‍ പറന്നു തീര്‍ത്ത ദൂരങ്ങളില്‍
പൊഴിഞ്ഞു കിടപ്പൂ, നിനക്കായെരിഞ്ഞു
തീര്‍ന്നോരായിരം രാത്രികള്‍ തന്‍
നിത്യ നൊമ്പര സ്മൃതികള്‍ മാത്രം!